ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സംഘകാലഭരണത്തില്‍ നെടുംപുറയൂര്‍ എന്നോരു നാട്ടുരാജ്യമുണ്ടായിരുന്നു. തലപ്പിള്ളി, പാലക്കാട്, ചിറ്റുര്‍ എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതായിരുന്നു ആ നാട്ടുരാജ്യം. പില്‍ക്കാലത്ത് തരൂര്‍ സ്വരൂപം നെടുംപുറയൂരില്‍ നിന്ന് പാലക്കാടിനെ സ്വന്തമാക്കി സ്വതന്ത്രരാജ്യമാക്കി. അതിനുശേഷം തലപ്പിള്ളിയും സ്വതന്ത്രമായതായി പറയപ്പെടുന്നു. തലപ്പിള്ളി രാജ്യത്തിന്റെ ആധിപത്യം മണക്കുളം സ്വരൂപത്തിനായിരുന്നുവത്രെ. ഏതായാലും ആ തലപ്പിള്ളി പില്‍ക്കാലത്ത് കൊച്ചിരാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. വള്ളുവനാടന്‍സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായുള്ള പ്രദേശമായിരുന്നു തലപ്പിള്ളിയും. അതിനാല്‍ നല്ല ശുദ്ധമായ മലയാളം സംസാരിക്കുന്ന ജനങ്ങള്‍, കുലീനതയും ആഥിത്യമര്യാദയും സൌമനസ്യവും നിറഞ്ഞ പെരുമാറ്റം എന്നിവ ഈ പ്രദേശത്തെ സംസ്കാരത്തിന്റെ സവിശേഷതകളാണ്. കൊച്ചിമഹാരാജാവ്, നാട്ടുരാജ്യത്തെ മഹാക്ഷേത്രമായ തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തിലേക്കു ദര്‍ശനത്തിനായി എഴുന്നള്ളുക പതിവായിരുന്നു. രാജകുടുംബത്തിന്റെ പരദേവതാക്ഷേത്രമായ പഴയന്നൂര്‍ ഭഗവതിക്ഷേത്രനടയിലൂടെ വേണമായിരുന്നു തിരുവില്വാമലക്ക് എഴുന്നള്ളാന്‍. ദേവീസന്നിധിയില്‍ കൂടി ആചാരപ്രകാരം എഴുന്നള്ളണമെങ്കില്‍ ദേവിക്കു ആനയിരുത്തി കളഭം ചാര്‍ത്തുകയും എഴുന്നള്ളത്ത് കാണാനെത്തുന്ന സകലമാനജനങ്ങള്‍ക്കും ചോറിട്ടു പാട്ടു കഴിക്കയും വേണമെന്നായിരുന്നു വ്യവസ്ഥ. വമ്പിച്ച ചെലവ് വരുന്ന ഈ ചടങ്ങ് ഒഴിവാക്കാനായി മഹാരാജാക്കന്‍മാര്‍ ചേലക്കോടുവരെ വന്ന് കായാംപൂവത്ത് നിന്ന് എഴുന്നള്ളത്താവശ്യത്തിനായി നിര്‍മ്മിച്ച പാതയിലൂടെ കൊണ്ടാഴി വഴിയായിരുന്നു തിരുവില്വാമലക്കു പോയിരുന്നത്. വാഹനങ്ങളില്ലാത്ത അക്കാലത്ത് രാജാക്കന്‍മാരെ പല്ലക്കിലേറ്റി അമാലന്‍മാര്‍ നടകൊള്ളുകയായിരുന്നു പതിവ്. പരിവാരങ്ങളും ആലഭാരവും കൂടെയുണ്ടാവും. അങ്ങിനെ രാജാവിനെ പല്ലക്കിലേറ്റി കായാംപൂവത്തു നിന്ന് എളുപ്പവഴിക്കു ചീരക്കുഴിപുഴ കടന്ന് തിരുവില്വാമലയിലേക്ക് നടകൊണ്ടവഴി പിന്നീടു കൊണ്ടാഴിയായി അറിയപ്പെട്ടു എന്നാണ് സ്ഥലനാമചരിത്രം. കൊണ്ടാഴിയിലെ ഈ റോഡ് എഴുന്നള്ളത്തുറോഡ് എന്നും, ചീരക്കുഴി പുഴയില്‍ ചെന്നത്തുന്ന കടവ് എഴുന്നള്ളത്തുകടവ് എന്നുമാണ് ഇന്നും വിളിച്ചുപോരുന്നത്. രാമവര്‍മ്മരാജാവായിരുന്നു അവസാനമായി തിരുവില്വാമലക്കു എഴുന്നള്ളിയ കൊച്ചിരാജാവ്. കൊച്ചി മഹാരാജാവിന്റെ ധര്‍മദൈവമാണ് പഴയന്നൂര്‍ ഭഗവതി. അതിമനോഹരമായ ഈ ഭഗവതീക്ഷേത്രം പഴയന്നൂരിലാണ് സ്ഥിതി ചെയ്യുന്നത്. പഴയന്നൂര്‍ ഭഗവതിയെ കൊച്ചിയില്‍ മട്ടാഞ്ചേരിപ്രദേശത്തും പ്രതിഷ്ഠിച്ചിട്ടുണ്ട്. കൊണ്ടാഴി ഗ്രാമം വളരെ ഫലപുഷ്ടിയുള്ള പ്രദേശമാണ്. നിറയെ ആഴിപാടങ്ങളുള്ള ഇവിടെ നെല്‍കൃഷിയാണു പ്രധാനവിള. പണ്ടുകാലത്ത് ഇവിടുത്തെ മൂന്നില്‍ രണ്ടുഭാഗം ഭൂമിയും പണ്ടാരവക(ജന്മ)യോ, ബാക്കിയുള്ളവ പുന്നാര്‍കോട്ടുമന, ഓട്ടുര്‍മന, മുണ്ടനാട്ടുമന, പിടിക്കപറമ്പുമന എന്നീ ജന്മികുടുംബങ്ങളുടെ സ്വന്തമോ, മായന്നൂര്‍കാവു ദേവസ്വംവക കാണ-വെറുംപാട്ട ഭൂമികളോ ആയിരുന്നു. ഇരുപത്തൊന്ന് പാടശേഖരങ്ങളിലായി ഏകദേശം ആയിരം ഹെക്ടര്‍ സ്ഥലത്ത് പഞ്ചായത്തിലെ നെല്‍പ്പാടങ്ങള്‍ സ്ഥിതി ചെയ്യുന്നു. നിളാനദിക്കു തെക്കായും ഗായത്രിനദിക്ക് (ചീരക്കുഴി പുഴ) പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന കൊണ്ടാഴി പഞ്ചായത്തുപ്രദേശം പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമാണ്. ഇരുപത്തിനാലു മനൈ എന്ന പേരില്‍ തെലുങ്കു ചെട്ടിയാന്‍മാരുടെ ഒരു തെരുവുമുണ്ട് ഈ വില്ലേജില്‍. ഇവര്‍ കച്ചവടസമൂഹമായിരുന്നു. 150 കൊല്ലത്തിലധികമായി ഈ വില്ലേജിലും മായന്നൂര്‍ വില്ലേജിലുമായി ഉദ്ദേശം 200 വീട്ടുകാര്‍ ഈ വിഭാഗക്കാരായി കൊണ്ടാഴി പഞ്ചായത്തില്‍ അധിവസിച്ചുവരുന്നു. ചെറിയ തോതിലാണെങ്കിലും പരമ്പരാഗത ചെറുകിട കുടില്‍വ്യവസായങ്ങളായ കുട്ടനെയ്ത്ത്, പനമ്പ് നെയ്ത്ത്, പായനെയ്ത്ത്, മണ്‍പാത്രനിര്‍മ്മാണം, പനയോല കൊണ്ടുള്ള കുട നിര്‍മ്മാണം, കരുവാന്‍ പണി, തുകല്‍പണി, ലോഹവസ്തുക്കളുടെ നിര്‍മ്മാണം, ചെരുപ്പുനിര്‍മ്മാണം, ഓട്ടുപാത്രനിര്‍മ്മാണം, എന്നിവ ഇവിടെ നിലനിന്നിരിന്നു. ഇവയില്‍ ചിലതൊക്കെ മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് കാലഹരണപ്പെട്ടെങ്കിലും തുകല്‍പ്പണി, ചെരുപ്പുനിര്‍മ്മാണം തുടങ്ങിയവ ഇന്നും കാര്യമായ ക്ഷതം സംഭവിക്കാതെ നിലനിന്നുപോരുന്നു. സൌത്ത് കൊണ്ടാഴിപ്രദേശത്താണ് പ്രസിദ്ധമായ തൃത്തം തളി ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഴയകാലത്ത് കേരളത്തെ പതിനെട്ടര തളികളാക്കി വിഭജിച്ച്, ഓരോ തളിയേയും ഓരോ തളിയാതിരിമാരെ ഭരണ ഭാരമേല്‍പ്പിച്ചതായി അറിയുന്നു. ഓരോ തളിയുടെ ആസ്ഥാനത്തും ഓരോ പ്രധാന ക്ഷേത്രവുമുണ്ടായിരുന്നു. മേല്‍പറഞ്ഞ തളികളില്‍ അര തളിയുടെ കേന്ദ്രസഥാനം കൊണ്ടാഴിയിലായിരുന്നിരിക്കണം. തൃത്തംതളി ശിവക്ഷേത്രം ഈ തളിയിലെ കേന്ദ്രക്ഷേത്രമാണ്. അതിപുരാതനമായ ഈ ശിവക്ഷേത്രം ഏതോ കാരണത്താല്‍ നാശോന്മുഖമായി. ടിപ്പുവിന്റെ പടയോട്ടകാലത്താണെന്നും പറയപ്പെടുന്നു. ഏതായാലും ഇരുനൂറില്‍പരം വര്‍ഷങ്ങള്‍ ഈ മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കരിങ്കല്ലുകൊണ്ടുള്ള മനോഹരമായ കൊത്തളങ്ങളും അങ്ങിനെ കിടന്നിരുന്നു. മീനമാസത്തില്‍ നടത്തപ്പെടുന്ന മായന്നൂര്‍കാവു താലപ്പൊലിയാണ് ഏറ്റവും പ്രധാന ഉത്സവം. ഇത് പഞ്ചായത്തുപ്രദേശത്തിന്റെ മൊത്തം ഉത്സവമായി കൊണ്ടാടപ്പെടുന്നു. ഉത്സവത്തിന്റെ ഭാഗമായി പറയെടുപ്പും, ആറാട്ടും വളരെ ഗംഭീരമായി ആഘോഷിച്ചുവരുന്നു. ഇന്നാട്ടില്‍ നിന്നും അന്യനാടുകളിലും, വിദേശങ്ങളിലും പ്രവാസികളായി കഴിയുന്നവര്‍ പോലും താലപ്പൊലിയോടനുബന്ധിച്ച് നാട്ടിലെത്തി ഉത്സവത്തില്‍ സര്‍വ്വാത്മനാ പങ്കെടുക്കുന്ന പതിവുണ്ട്. 1953-ന് മുമ്പ് കൊണ്ടാഴി പഞ്ചായത്തില്‍ മായന്നൂര്‍, കൊണ്ടാഴി എന്നീ രണ്ടു വില്ലേജുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പഴയ കൊച്ചിരാജ്യത്ത് പ്രായപൂര്‍ത്തി വോട്ടവകാശാടിസ്ഥാനത്തില്‍ പഞ്ചായത്തുകളിലേക്കു തെരഞ്ഞെടുപ്പു നടന്നത് 1953-ലായിരുന്നു. ആ തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ പഴയന്നുര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ചേലക്കോട് വില്ലേജിനെക്കൂടി കൊണ്ടാഴി പഞ്ചായത്തില്‍ ലയിപ്പിച്ചു. പഞ്ചായത്തില്‍ 1920 മുതലോ അതിനും മുമ്പോ സര്‍ക്കാരില്‍ നിന്നും നിശ്ചയിക്കപ്പെട്ട പ്രസിഡന്റിന്റെ ഭരണത്തിന്‍കീഴിലിരുന്നിട്ടുണ്ട് എന്നറിയുന്നു. ആദ്യത്തെ പ്രസിഡണ്ടു ഓട്ടൂര്‍ കുഞ്ഞന്‍നമ്പൂതിരിപ്പാടായിരുന്നുവെന്നു പറയപ്പെടുന്നു. കൊണ്ടാഴി പഞ്ചായത്തില്‍ പില്‍ക്കാലത്ത് പട്ടയമുള്ളവര്‍ക്ക് വോട്ടവകാശം നല്‍കി തിരഞ്ഞെടുത്ത ഭരണസമിതികള്‍ നിലവില്‍ വന്നിരുന്നു. 1952 വരെ ചേലക്കോട് വില്ലേജ് പഴയന്നൂര്‍ പഞ്ചായത്തിലുള്‍പ്പെട്ടിരുന്നു. 1952-ല്‍ പ്രായപൂര്‍ത്തി വോട്ടവകാശാടിസ്ഥാനത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പിന് ജനസംഖ്യ പോരാതെ വന്നതിനാല്‍ ചേലക്കോടിനെ കൊണ്ടാഴിയില്‍ ലയിപ്പിച്ചുവെന്ന് അറിയുന്നു. പിന്നോക്കപ്രദേശമാണെങ്കിലും ചേലക്കോട് പ്രദേശവും വളരെ പ്രകൃതിരമണിയമാണ്. കുന്നുകളും സമതലപ്രദേശങ്ങളും, നെല്‍വയലുകളും മലകളുമടങ്ങുന്ന ചേലക്കോടിന്റെ ചുറ്റും മുന്‍കാലത്ത് വന്‍വനങ്ങളുണ്ടായിരുന്നു. നിരവധി നീരുറവകള്‍ അഥവാ ചോലകള്‍ വനങ്ങളില്‍ നിന്നും ഒഴുകി വന്നിരുന്ന ഈ പ്രദേശം അതുകൊണ്ടുതന്നെ ചോലക്കോട് എന്നാണറിയപ്പെട്ടിരുന്നത്. പില്‍ക്കാലത്ത് ചോലക്കോട് എന്നത് ചേലക്കോടായി ലോപിച്ചതാവാം. തൊട്ടടുത്ത പ്രദേശം ചേലക്കരയാണ്. പഴയകാലത്ത് തൊഴിലാളികളും സാമ്പത്തികമായി വളരെ പിന്നണിയിലായിരുന്ന ജനവിഭാഗങ്ങളുമായിരുന്നു ഈ പ്രദേശത്തുണ്ടായിരുന്നത്. ഭൂസ്വത്ത് മുഴുവനും ജന്മിമാരുടേതായിരുന്നു. പാഞ്ഞാള്‍ പ്രദേശത്തുള്ള മുട്ടത്താട്ടുമന, കൊരട്ടിക്കരമന, മാത്തൂര്‍മന എന്നീ ജന്മികളുടെയും ചിറക്കര ശ്രീരാമസ്വാമി ദേവസ്വം വകയുമായ വെറും പാട്ടഭൂമികളായിരുന്നു ചേലക്കരയിലുണ്ടായിരുന്നത്. ജന്മികളുടെ ഭൂമികളില്‍ പാട്ടകുടിയാന്‍മാരായും കര്‍ഷകത്തൊഴിലാളികളായും ജീവിച്ചുപോന്നവര്‍ ധാരാളമുണ്ടായിരുന്നു. പിന്നീട് ധാരാളം ക്രിസ്തീയ കുടുംബങ്ങളും ഇവിടെ വന്നുചേര്‍ന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷമുള്ള കാലത്ത് അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തെഴില്‍ നല്‍കുന്നതിനുവേണ്ടി നിലവിലുണ്ടായിരുന്ന വനഭൂമി വെട്ടിത്തെളിച്ച് മൂന്നര ഏക്കര്‍ വീതം കേരളത്തിന്റെ നാനാഭാഗത്തുള്ളവര്‍ക്ക് പതിച്ചുനല്‍കുകയുണ്ടായി. പ്രസ്തുത പദ്ധതിപ്രകാരം കൊണ്ടാഴി പഞ്ചായത്തില്‍ പതിച്ചുനല്‍കപ്പെട്ടതാണ് ഇന്നു കാണുന്ന പ്ലാന്റേഷന്‍ ഏരിയാ. കൊണ്ടാഴിയില്‍ 1920-കളില്‍ കാഞ്ഞിങ്ങാട്ടു പാറമല്‍ കേശവന്‍നായര്‍ ആരംഭിച്ച പ്രൈമറിസ്ക്കൂളാണ് വര്‍ഷങ്ങള്‍ക്കു ശേഷം അപ്പര്‍ പ്രൈമറിസ്ക്കൂളാക്കി ഉയര്‍ത്തിയത്.